ഔസേപ്പച്ചന്റെ നന്മ:മൂപ്പത്തിയുടെ മനം കുളിർത്തു

പുൽപ്പള്ളി :– ജാനകി മൂപ്പത്തിയുടെ ഫോണിലേക്ക് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു വിളി വന്നു. മൂപ്പത്തി എവിടാ – വീട്ടിലുണ്ടോ? ഉണ്ട്,ആരാ വിളിക്കുന്നത് എന്ന മറു ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ മൂപ്പത്തിയുടെ വീട്ടുമുറ്റത്ത് തന്നോടൊപ്പം തൊഴിലുറപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന അയൽവാസി പാറപ്പുറത്ത് ഔസേപ്പച്ചൻ. ഔസേപ്പച്ചൻ തന്റെ കീശയിൽ നിന്നും ഒരു മാല പുറത്തെടുത്ത് മൂപ്പത്തിയോടൊരു ചോദ്യം – ഈ മാല ഓർമ്മയുണ്ടോ? മാല കണ്ട് ഒരു നിമിഷം പകച്ചുപോയ ജാനകി മൂപ്പത്തി വീടിന്റെ ഉമ്മറത്ത് കുറച്ച് നേരം മരവിച്ച് നിന്നു.വർഷങ്ങൾക്കു മുമ്പ് തനിക്ക് നഷ്ടപ്പെട്ട ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല .
ഇനി ഈ കഥയുടെ ഫ്ലാഷ് ബാക്ക് –
ഏഴു വർഷങ്ങൾക്ക് മുമ്പ് – കൃത്യമായി പറഞ്ഞാൽ 2018 മെയ് മാസത്തിലാണ് ജാനകി മൂപ്പത്തി, അതുവരെ തൊഴിലുറപ്പിൽ നിന്നും ലഭിച്ച കൂലിയും പോത്തിനെ വിറ്റു കിട്ടിയ പണവും ചേർത്ത് ഒന്നര പവൻ തൂക്കമുള്ള ഒരു സ്വർണമാല വാങ്ങിയത്. തന്റെ ഉന്നതിയിലെ (പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 16,കാപ്പികുന്ന് പുതിയിടം മാക്കുറ്റി ഉന്നതി ) ആർക്കും ഇല്ലാത്ത അത്ര വലിപ്പത്തിൽ ഒരു സ്വർണ്ണമാല വാങ്ങി അണിയണം .അതൊരു സ്വപ്നമായിരുന്നു. ജാനകിക്ക് അന്ന് വയസ്സ് 57 .സ്വപ്നസാക്ഷാത്കാരമായി മാല വാങ്ങി. നല്ല നീളമുള്ള മാല. തൊഴിലുറപ്പ് പണിസ്ഥലത്ത് മാലയും അണിഞ്ഞു ചെന്ന ജാനകിയെ എല്ലാവരും തെല്ലൊരു അസൂയയോടെയാണ് നോക്കി കണ്ടത്. മാലയുമിട്ട് ജാനകി ഒരു മാസം വിലസി. ഒരു ദിവസം തൊഴിലുറപ്പിനിടയിൽ ആരോ ചോദിച്ചു – മൂപ്പത്തി മാല എന്തിയേ? കാണാതെപോയ മാല തേടി എല്ലാവരും ചേർന്നു തിരഞ്ഞു,കണ്ടില്ല, കിട്ടിയില്ല .ജാനകി ഒത്തിരി നേർച്ചകൾ നേർന്നു. ഒന്നും ഫലവത്തായില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ജാനകി മൂപ്പത്തി മാലയുടെ കാര്യം മറന്നു .എങ്കിലും ഇടയ്ക്കൊക്കെ നീറുന്ന ഒരു ഓർമ്മയായി ജാനകിയുടെ മനസ്സിൽ ആ സ്വർണമാല അവശേഷിച്ചു .കഴിഞ്ഞ ദിവസം ഔസേപ്പച്ചൻ സമീപവാസിയുടെ കൃഷിയിടത്തിൽ അടയ്ക്കാ പെറുക്കുകയായിരുന്നു. പുല്ലുകൾക്കിടയിൽ എന്തോ തിളങ്ങുന്നത് കണ്ടു .തിരഞ്ഞപ്പോൾ ഏതോ ഗ്യാരണ്ടി മാല. ആദ്യം ഔസേപ്പച്ചൻ അതത്ര കാര്യമാക്കിയില്ല. എങ്കിലും തോട്ടത്തിൽ നിന്നും പോരാൻ നേരത്ത് കൗതുകമടക്കാനായി ആ മാലയും ഔസേപ്പച്ചൻ കൊണ്ടുവന്നു. പറമ്പുടമയുമായി സംസാരിക്കുന്നതിനിടയിൽ തനിക്ക് കിട്ടിയ മാലയും ഔസേപ്പച്ചൻ അയൽവാസിയെ കാണിച്ചു .മാല ഒറിജിനൽ അല്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായെങ്കിലും വെറുതെ ഒന്ന് കഴുകി നോക്കി. അപ്പോഴാണ് പൂച്ച് പുറത്തുചാടിയത്. തെളിഞ്ഞ മാല കണ്ടപ്പോൾ ഔസേപ്പച്ചൻ വർഷങ്ങൾക്കു മുമ്പ് തന്നോടൊപ്പം തൊഴിലുറപ്പിൽ ഉണ്ടായിരുന്ന ജാനകി മൂപ്പത്തിയെ ഓർമ്മ വന്നു. ഉടൻ തന്നെ വിവരം തന്റെ ഭാര്യ നാൻസിയെ വിളിച്ച് അറിയിച്ചു .തുടർന്നാണ് മാല ജാനകി മൂപ്പത്തിയുടെ കഴുത്തിൽ വീണ്ടും എത്തിയത്. ജാനകി മൂപ്പത്തിക്കും ഭർത്താവ് കരിമ്പനും ഒറ്റവാക്കിൽ ഇപ്പോൾ ഇതു സംബന്ധിച്ച് ഒന്നേ പറയാനുള്ളൂ -എല്ലാം ഒരു സ്വപ്നം പോലെ .

Share Now

You may have missed