കളിച്ചുവളരാന്‍ ‘കളിയങ്കണ’ങ്ങള്‍: പ്രീ-പ്രൈമറിയില്‍ കിഡ്‌സ് അത്‌ലറ്റിക്‌സുമായി എസ്.എസ്.കെ:ജില്ലയില്‍ 1,016 പൊതുവിദ്യാലയങ്ങളില്‍ സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

 

പ്രീ-പ്രൈമറിയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെയും കുട്ടികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ‘കളിയങ്കണം’ കിഡ്‌സ് അത്‌ലറ്റിക്‌സ് പദ്ധതിയുമായി എസ്.എസ്.കെ. സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിവിധ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള കളികളിലൂടെ കുട്ടികളുടെ മാനസിക വികാസവും അതുവഴി പഠനത്തില്‍ താല്‍പര്യം വളര്‍ത്തിയെടുക്കുകയുമാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഫ്‌ളാറ്റ് റിംഗ്, ടെന്നിക്കോയ് റിംഗ്, ബീന്‍ ബാഗ്, ഹൂല ഹൂപ്‌സ്, സോസര്‍ കോണ്‍, അജിലിറ്റി ഹര്‍ഡില്‍സ് തുടങ്ങിയ ആറ് ഇനങ്ങളിലായി 30 വ്യത്യസ്ത കളിയുപകരണങ്ങളാണ് കിഡ്‌സ് അത്‌ലറ്റിക്‌സിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. ജില്ലയില്‍ ഇതുവരെ 1,016 പൊതുവിദ്യാലയങ്ങളില്‍ സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഒരു സ്‌കൂളിന് 5000 രൂപ ക്രമത്തില്‍ 50,80,000 രൂപയാണ് ഇതിനായി ചെലവിട്ടത്. ഈ ഉപകരണങ്ങള്‍ കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്.

തലച്ചോറിലെ ന്യൂറോണുകള്‍ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടുവയസ്സുവരെയുള്ള കാലഘട്ടത്തില്‍ സൂക്ഷ്മ, സ്ഥൂല പേശികള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും ധാരാളം പ്രവര്‍ത്തനാനുഭവങ്ങള്‍ നല്‍കിയാല്‍ മാത്രമേ ന്യൂറോണുകള്‍ സജീവമാവൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളില്‍ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കിം പറഞ്ഞു.

Share Now