ശബരിമല സ്വര്‍ണക്കൊള്ള; തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും വ്യാജമെന്ന സംശയം പ്രകടിപ്പിച്ച് വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞാണ് സംശയത്തിന് കാരണം. ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു. ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്പോൺസർഷിപ്പും വിജിലൻസിന് സംശയത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, ശബരിമല സ്വർണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് വിവരം. ശബരിമല സന്നിധാനതും ബംഗളൂരുവിലും ഉൾപ്പെടെ എത്തി നിർണായ വിവരങ്ങൾ എസ് ഐ ടി ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണം വേഗം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമ്മിച്ചത് എവിടെ എന്ന് കണ്ടെത്തുക എന്നിവയ്ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്.ഇതിനിടെ, കേസിൽ ഇഡിയുടെ വിവരശേഖരണം തുടരുന്നു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പ്രാഥമിക വിവരശേഖരണം തുടരുന്നത്. തെളിവുകൾ ശേഖരിച്ച ശേഷമാകും ഇസിആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കുക. ദേവസ്വം വിജിലൻസും എസ്ഐടിയും കണ്ടെത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനാണ് ഇഡി നീക്കം.
Share Now