തൃശ്ശിലേരി റൂസ ഗവ.മോഡൽ കോളെജിന് അഞ്ച് വിഷയങ്ങൾക്ക് അംഗീകാരം

മാനന്തവാടി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് നേട്ടമായി തൃശ്ശിലേരി റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജിന് അഞ്ച് വിഷയങ്ങള്‍ക്ക് അംഗീകാരം. ബി. എസ്.സി ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിമോട്ട് സെന്‍സിങ് (25 സീറ്റ് ), ബി.എസ്.സി സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ് (25 സീറ്റ്) ബി. കോം ഫിനാന്‍സ് വിത്ത് ഫോറന്‍സിക് അക്കൗണ്ടിങ് (40 സീറ്റ്), ബി.എ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും (30 സീറ്റ്), ബി. എ മലയാളം (30 സീറ്റ്) വിഷയങ്ങള്‍ക്കാണ് കണ്ണൂർ സർവ്വകലാശാല അംഗീകാരം നൽകിയത്. ഉന്നത വിദ്യാദ്യാസ സാധ്യതകൾക്കായി ജില്ലയിൽ നിന്നും ചുരമിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവും മറ്റു ജില്ലകളെയും അയല്‍ സംസ്ഥാനങ്ങളെയും ആശ്രയിക്കുന്നതിൽ മാറ്റം വരുകയാണ് കോളെജ് പ്രവർത്തനമാരംഭിക്കുന്നതോടെ.
സര്‍വ്വകലാശാല അഫിലിയേഷന്‍ ലഭിച്ചതിനാൽ 2025-2026 അധ്യയന വര്‍ഷത്തിൽ തന്നെ ക്ലാസുകള്‍ ആരംഭിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് ജില്ലയില്‍ മോഡല്‍ ഡിഗ്രി കോളേജ് അനുവദിച്ചത്. തൃശ്ശിലേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കൈവശമുള്ള അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കോളെജിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. 12 കോടി ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ കോളെജ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അക്രെഡിറ്റഡ് ഏജന്‍സിയായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍
ഡി.പി.ആര്‍ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയാണ്. കോളെജിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിർദേശത്തെ തുടര്‍ന്ന് മോഡല്‍ കോളെജ് താത്ക്കാലികമായി ആരംഭിക്കുന്ന മാനന്തവാടി ഗവ.കോളേജിലെ പഴയ കെട്ടിടവും മറ്റു സൗകര്യങ്ങളും കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി പ്രൊഫ സുകുമാരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് വിലയിരുത്തി.
ക്ലാസുകള്‍ ആരംഭിക്കേണ്ട കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ഫര്‍ണിച്ചറുകൾക്കും സര്‍ക്കാര്‍ തുക അനുവദിച്ചു. റെഗുലര്‍ പഠനത്തിന് അവസരം ഉറപ്പാക്കി
ന്യൂജനറേഷന്‍ കോഴ്സുകളെന്ന നിലയില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ എഫ്.വൈ.യു.ജി.പി സിലബസാണ് മോഡൽ കോളെജ് പിന്തുടരുക. സര്‍വ്വകലാശാലയുടെഎഫ്.വൈ.യു.ജി.പി അഡ്മിഷന്‍ പോര്‍ട്ടല്‍ മുഖേന കോഴ്സുകളിലേക്ക് അപേക്ഷകള്‍ നൽക്കാന്‍ സാധിക്കും. മോഡല്‍ ഡിഗ്രി കോളേജിലേക്കുള്ള സ്‌പെഷല്‍ ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക് തസ്തികകളിലേക്ക് നിയമനവും നടത്തി കഴിഞ്ഞു. ആവശ്യമായ അധ്യാപകരുടെയും മറ്റ് അനധ്യാപകരുടെയും നിയമന നടപടികള്‍ പുരോഗമിക്കുകയാണ്.

 

Share Now

You may have missed