കെ.എസ്.ആർ.ടി.സി. മിന്നൽ സർവീസിൻ്റെ പേരിൽ ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നു;പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ

പെരിക്കല്ലൂർ: കെ.എസ്.ആർ.ടി.സി മിന്നൽ സർവീസിൻ്റെ പേരിൽ ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നു എന്നും,മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ.മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമായും, ജീവനക്കാർക്ക് നിയമപരമായും ഡ്യൂട്ടി നൽകാതിരിക്കാനുള്ള തട്ടിപ്പാണ് മിന്നൽ സർവ്വീസുകൾ എന്ന് ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ആരോപിച്ചു.കെ.എസ്.ആർ.ടി.സിയുടെ ടൈം ഷെഡ്യൂളിൽ സുൽത്താൻ ബത്തേരി -തിരുവനന്തപുരം വരെ  533 KM ഓടാൻ 09.20 മണിക്കൂറും, 3 ഡ്യൂട്ടിയും വേണം.മാനന്തവാടി -തിരുവനന്തപുരം വരെ 550KM ഓടാൻ 09.25 മണിക്കൂറും,3 ഡ്യൂട്ടിയുമാണ് രേഖയിൽ പറയുന്നത്.എന്നാൽ മേൽ സർവ്വീസുകൾ 3- 4 മണിക്കൂറോളം വൈകിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. മിന്നൽ ബസിൻ്റെ എല്ലാ വണ്ടികളും കാലപ്പഴക്കം വന്നതുമാണ്.കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി -തിരുവനന്തപുരം റൂട്ടിൽ ഓടിയിരുന്ന മിന്നൽ ബസ്സ് തീ പിടിക്കുകയും, മറ്റൊരു ബസ്സ് അപകടത്തിൽ പെടുകയും ചെയ്തു. തിരുവനന്തപുരം തമ്പാനൂരിൽ എത്തുന്ന ജീവനക്കാർ സ്വസ്ഥമായി ഉറങ്ങാൻ റൂം സൗകര്യമില്ലാത്തതിനാൽ സ്വന്തം കൈയ്യിൽ നിന്നും പണം കൊടുത്ത് താമസിക്കുകയും ചെയ്യുന്നു. തീർത്തും മനുഷ്യാവകാശ ലംഘനമാണ് കെ.എസ്.ആർ.ടി.സി നടത്തി വരുന്നത്. മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെട്ട് ജീവനക്കാർക്ക് നീതി നടപ്പാക്കണമെന്ന് പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു യോഗത്തിൽ,സുനിൽ.ഡി.വാഴയ്ക്കൽ സംസാരിച്ചു.

Share Now

You may have missed