രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം – നാഷണൽ യൂത്ത് ലീഗ്

യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും, ലഭിച്ച പരാതികൾ പോലീസിന് കൈമാറാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. രേഖാമൂലമുള്ള പരാതികൾ ഉൾപ്പെടെ മറച്ചുവെച്ച് സംരക്ഷണമൊരുക്കിയ കോൺഗ്രസ് നേതൃത്വം, രാഹുലിന് പ്രമോഷനുകൾ നൽകിയത് ഞെട്ടിപ്പിക്കുന്നതാണ്. ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നസ്റുദീൻ മജീദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നടിയും സംവിധായകയുമായ റിനി ആൻ ജോർജ് ഉൾപ്പെടെ നിരവധി പേരാണ് പരാതികളും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതികൾ ഉന്നയിച്ചവരെ സൈബർ ആക്രമണം നടത്തി നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ പരാതികൾ ലഭിച്ചിട്ടും എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിനെതിരെ ഉയർന്ന പരാതികളും നേതൃത്വം മുക്കിയിരുന്നു. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Share Now
