വയനാടിന്റെ ഗതാഗതപ്രശ്‌നവും ഗോത്രമേഖലയിലെ വിവിധ വിഷയങ്ങളും: നീതി ആയോഗുമായി തുടര്‍ചര്‍ച്ചകള്‍ നടത്തും

വൈത്തിരി: ചുരം ഉള്‍പ്പെടെയുള്ള വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ നീതി ആയോഗ് വൈസ് ചെയര്‍മാനുമാന്‍ സുമന്‍ കെ ബറിയുമായും, അദ്ദേഹത്തിന്റെ സംഘവുമായും ചര്‍ച്ച ചെയ്തതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 26 മുതല്‍ വയനാട് നേരിടുന്ന പ്രതിസന്ധിയും, ചുരം റോഡ്, ചുരം ബൈപ്പാസ്, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് എന്നിവയെ സംബന്ധിച്ച് വിശദമായി സംസാരിച്ചു. നീതി ആയോഗ് വൈസ് ചെയര്‍മാന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും, തുടര്‍ചര്‍ച്ചകള്‍ നടത്താമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഗോത്രസമൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് മിഷന്‍ ഉണ്ടാക്കുന്നതാണ് അതില്‍പ്രധാനപ്പെട്ടത്. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എം ആര്‍ എസ് മോഡലില്‍ ഹയര്‍സെക്കന്‍ഡറി, കോളജ് പഠനത്തിനായി സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ സ്ഥാപിക്കല്‍, പോഷകാഹാര കുറവ്-ആയൂര്‍ ദൈര്‍ഘ്യ കുറവ് തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ വേണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നീതി ആയോഗ് വൈസ് ചെയര്‍മാനുമായി സംസാരിച്ചു.
