വാഹന യാത്രയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തലകറങ്ങാറുണ്ടോ? പരിഹാരവുമായി ഐഫോണ്‍

കാറിലോ ബസിലോ ഒക്കെ യാത്ര ചെയ്യുമ്പോള്‍ ഒരുവട്ടമെങ്കിലും ഫോണില്‍ നോക്കിയാല്‍ തീര്‍ന്നു, പിന്നെ ആകെ ബുദ്ധിമുട്ടാണ്. പത്തില്‍ ആറു പേര്‍ക്കും മോഷന്‍ സിക്‌നസ് എന്ന ഈ പ്രശ്‌നം അനുഭവപ്പെടാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പ്രശ്‌നപരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ ഉപയോഗിക്കുന്ന യാത്രക്കാരന് തലകറക്കമോ അസ്വസ്ഥതയോ ഉണ്ടാവാതിരിക്കാന്‍ ആപ്പിളൊരു ബില്‍ഡ് ഇന്‍ ഫീച്ചര്‍ തന്നെ ഐഫോണില്‍ ആഡ് ചെയ്തിരിക്കുകയാണ്.കാര്‍ യാത്രയ്ക്കിടെ പിറകിലെ സീറ്റിലിരിക്കുന്നവര്‍ക്കാണ് ഇത് കൂടുതലും അനുഭവപ്പെടുന്നത്. ഇവര്‍ക്ക് ഓക്കാനം, തലവേദന, തലകറക്കം എന്നിവയുണ്ടാകും. കുട്ടിയായിരിക്കുമ്പോഴും മുതിര്‍ന്നാലും 59 ശതമാനം പേരില്‍ ഈ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നാണ് പഠനം പറയുന്നത്. നിങ്ങളുടെ ചലനത്തെ കുറിച്ച് ശരീരത്തില്‍ മിക്‌സഡ് സിഗ്നലുകളാണ് ലഭിക്കുന്നതെങ്കില്‍ മോഷന്‍ സിക്‌നസ് ഉണ്ടാവും. നമ്മുടെ ശരീരത്തിന്റെ ബാലന്‍സ് കണ്ണുകള്‍, ചെവികള്‍, മസില്‍ സെന്‍സറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇവയില്‍ നിന്നെല്ലാം ലഭിക്കുന്ന വിവരങ്ങള്‍ തലച്ചോറിലേക്ക് എത്തും. നിങ്ങള്‍ എവിടെയാണ്, സഞ്ചരിക്കുകയാണോ, സഞ്ചരിക്കുകയാണെങ്കില്‍ ഏത് ദിശയില്‍ ഇതെല്ലാം തലച്ചോറിന് മനസിലാക്കേണ്ടതുണ്ട്. പക്ഷേ മോഷന്‍ സിക്‌നസ് ഉണ്ടാവുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ കാണുന്നതും ചെവിക്ക് മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടാവുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിസാരമായി പറഞ്ഞാല്‍ കണ്ണും ചെവിയും മനസിലാക്കുന്ന കാര്യങ്ങളിലെ പൊരുത്തക്കേട്, തലച്ചോറില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കും. ചിലരുടെ കണ്ണുകള്‍ നിങ്ങള്‍ ചലിക്കുന്നില്ലെന്ന് മനസിലാക്കുമ്പോള്‍ കാതുകള്‍ മനസിലാക്കുന്നത് നിങ്ങള്‍ സഞ്ചരിക്കുകയാണെന്നാവും. ഇതാണ് ശരീരത്തെ ബാധിക്കുന്നതും യാത്ര ദുഃസഹമാക്കുന്നതും.സാധാരണയായി മിക്കവരിലും ഉണ്ടാവുന്ന ഈ പ്രശ്‌നത്തിന് ആപ്പിള്‍ പരിഹാരം കണ്ടിരിക്കുന്നത് ഐഒഎസ്18ല്‍ ചെറിയൊരു മാറ്റം വരുത്തിയാണ്. ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ സ്‌ക്രീനിന്റെ അഗ്രഭാഗത്തായി ഒരു ഡോട്ട് കാണാന്‍ സാധിക്കും. ഈ ഡോട്ട് കാര്‍ സഞ്ചരിക്കുന്നതിന് അനുസരിച്ച് സഞ്ചരിക്കും. അപ്പോള്‍ ശരീരത്തിനും കണ്ണിനും ഒരേ പോലെ തന്നെ നമ്മള്‍ ചലിക്കുകയാണെന്ന് മനസിലാവും. വണ്ടി ഓടിക്കുന്നയാള്‍ക്ക് അറിയാം അയാള്‍ ചലിച്ചുകൊണ്ടിരിക്കുകയാണെന്ന്. അതില്‍ തലച്ചോറിനും യാതൊരു സംശയവുമില്ല. എന്നാല്‍ മറ്റ് യാത്രക്കാരുടെ അവസ്ഥ അതല്ല.
Share Now