പരപ്പൻപാറ ഉന്നതിയിലെ ദുരിത ജീവിതം – പരാതികൾ നൽകി ആം ആദ്മി പാർട്ടി

വടുവഞ്ചാൽ:വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ കാടാശ്ശേരി പരപ്പൻപാറ പ്രദേശത്തെ എസ് . റ്റീ വിഭാഗത്തിൽ ഉള്ള വിവിധ കുടുംബങ്ങളിൽ നിന്നുമായി 34 പേര് 2019 ലെ പുത്തുമല ഉരുൾ പൊട്ടലിനെ തുടർന്ന് പ്രദേശത്തെ വെളളം ഒഴുകി പോകുന്ന പരപ്പൻപാറ എന്ന സ്ഥലത്തിനോട് ചേർന്ന ചാലിയാർ പുഴയുടെ സമീപത്ത്, ജനനം മുതൽ താമസിച്ച് വന്നിരുന്ന സ്ഥലത്ത് നിന്നും പ്രദേശവാസിയായ ഒരാളുടെ കൈവശഭൂമിയിലേക്ക് അഭയാർത്ഥികളായി താമസം മാറ്റേണ്ടി വരികയും, അന്ന് മുതൽ നാളിത് വരെ ഒരു ടാർപോളിൻ ഷെഡിൽ ഒരു ചെരിവു പ്രദേശത്ത് ഒരുമിച്ചു താമസിച്ചു വരികയാണ്. 7 മാസം പ്രായമുള്ള കൂട്ടി മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ വരെ ഈ കുടുംബത്തിൽ ഉൾപ്പെടുന്നു.34 ൽ 12 പേര് വിദ്യാർത്ഥികളാണ് അവർ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു.7 മാസം മുതൽ 6 വയസ്സ് വരെ പ്രായമുള്ള 8 കുട്ടികൾ ഇവിടെ താമസിക്കുന്നുണ്ട്.ബാക്കി 14 പേരിൽ തൊഴിൽ ഇല്ലാത്ത ബിരുധധാരികൾ ഉൾപ്പെടെ കിട്ടുന്ന ജോലികൾ ചെയ്തു ഉപജീവന മാർഗ്ഗം മുന്നോട്ട് കൊണ്ട് പോകുന്നു.34 പേര് ഒരു ഷെഡ്ഡിൽ പ്രയാസങ്ങളോട് പൊരുതി ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ അനവധിയായി. പ്രസ്തുത വിഷയത്തിൽ ഉടൻ പരിഹാരം കാണാൻ ആവശ്യപ്പെട്ട് കൊണ്ട് മനുഷ്യാവകാശ കമ്മിഷനും,മുഖ്യമന്ത്രിക്കും ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മറ്റി പരാതി നൽകി.ഈ കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും നിർമ്മിച്ച് നൽകുക, റേഷൻ കാർഡ് ഇല്ലാത്തവർക്ക് നൽകുകയും കാർഡിൽ ഉൾപെടാത്തവരെ ഉൾപ്പെടുത്തുക, ആധാർ കാർഡ്, വോട്ടർ ഐഡി ഇല്ലാത്തവർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക,ബിരുദധാരികളായവർക്ക് ജോലി നൽകാൻ നടപടി സ്വീകരിക്കുക,ഇത്രയും നാൾ ഈ കുടുംബങ്ങളുടെ അവസ്ഥക്ക് പരിഹാരം കാണാൻ ഇടപെടാത്ത ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്വം നിറവേറ്റാത്തതിൻ്റെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുക എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഭരണകൂടത്തിൻ്റെ അനാസ്ഥ കാരണം ഇനിയും പരപ്പൻപാറ ഉന്നത്തിയിലെ കുടുംബങ്ങളെ ദുരിത കയത്തിലേക്ക് തള്ളിയിടാൻ അനുവദിക്കില്ലെന്നും പ്രശ്നം പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായില്ല എങ്കിൽ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികളായ ഇസ്മായിൽ പള്ളിയാൽ, നിഹ്മത് പിച്ചൻ,സൽമാൻ എൻ,യൂസഫ് നടുത്തൊടി ,മൻസൂർ അലി എന്നിവർ അറിയിച്ചു.
Share Now