വയസ് 89,അഞ്ചാംക്ലാസ് വരെ പഠനം,വായന കൈവിടാതെ ശോശാമ്മ

പുൽപ്പള്ളി: വയസ് 89 ആയെങ്കിലും ജീവിതത്തിന്റെ ഭാഗമായ പുസ്തകവായനയെ കൈവിടാന്‍ പുല്‍പ്പള്ളി താന്നിത്തെരുവ് കാഞ്ഞിരക്കാട്ട് ശോശാമ്മ ജോസഫ് ഒരുക്കമല്ല. വായനാദിനം ശോശാമ്മയെ പോലുള്ള വായനക്കാരുള്ളിടത്തോളം കാലം പുസ്തകങ്ങള്‍ക്ക് മരണമില്ലെന്ന യാഥാര്‍ത്ഥ്യം അടിവരയിട്ടുറപ്പിക്കുകയാണ് ശോശാമ്മ. സ്വദേശമായ പെരുമ്പാവൂരിലെ പള്ളിക്കൂടത്തില്‍ അഞ്ചാംക്ലാസ് വരെയെ ശോശാമ്മ പഠിച്ചിട്ടുള്ളു. എന്നാല്‍ വായിക്കുന്നതാവട്ടെ ലോകപ്രസിദ്ധ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളാണ്. ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചികോഡ്, പൗലോ കൊയ്ലോയുടെ ആല്‍ക്കമിസ്റ്റ്, ഫൊയദോര്‍ ദൊസ്തയേവ്സ്‌കിയുടെ കുറ്റവും ശിക്ഷയും എന്നിങ്ങനെ പോകുന്നു ശോശാമ്മയുടെ ഇഷ്ടകൃതികള്‍. ഈ സാഹിത്യകാരന്മാരുടെ മറ്റ് പല കൃതികളും ശോശാമ്മ വായിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ എഴുത്താകാരായ എം ടിയുടെയും ബഷീറിന്റെയും, മുകുന്ദന്റെയുമെല്ലാം നിരവധി പുസ്തകങ്ങള്‍ ശോശാമ്മ വായിച്ചിട്ടുണ്ട്. പത്തൊന്‍പതാം വയസില്‍ വിവാഹിതയായ ശോശാമ്മ ആദ്യമകന്‍ പിറന്നതിന് ശേഷമായിരുന്നു ഭര്‍ത്താവ് ജോസഫുമൊത്ത് വയനാട്ടിലെ പുല്‍പ്പള്ളിയിലെത്തുന്നത്. അമ്മയുടെ വായനാശീലം തിരിച്ചറിഞ്ഞ് മക്കളും കൊച്ചുമക്കളുമെല്ലാമാണ് ശോശാമ്മക്ക് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കുന്നത്. വീട്ടില്‍ ചെറിയ ലൈബ്രറിയും, പ്രത്യേക വായനമുറിയുമെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും ശോശാമ്മക്കിഷ്ടം ഉമ്മറപ്പടിയിലായിരുന്ന് വായിക്കാനാണ്. മലയാളത്തിനൊപ്പം ഇന്ത്യയിലെ ഒട്ടനവധി എഴുത്തുകാരുടെയും പുസ്തകങ്ങള്‍ ഇതിനകം തന്നെ ശോശാമ്മ വായിച്ചിട്ടുണ്ട്. രാത്രിയും പകലെന്നുമില്ലാതെ ശോശാമ്മ വായന തുടരുകയാണ്. വായനക്കൊപ്പം പഴയകാല സിനിമകളും ഇപ്പോള്‍ ശോശാമ്മക്ക് പ്രിയപ്പെട്ടതാണ്. ഡോക്ടര്‍ അബ്രഹാം, റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ജോര്‍ജ്ജ്, കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ പോള്‍, സാലി എന്നിവരാണ് മക്കള്‍. ഇവരും അമ്മയുടെ വായാനശീലത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Share Now

You may have missed