മൂഴിമലയിൽ കാട്ടാനയിറങ്ങി വ്യാപകകൃഷിനാശം

പുൽപ്പള്ളി: മൂഴിമലയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം.തൊട്ടടുത്ത വനത്തിൽ നിന്നും എത്തിയ ഒറ്റയാനാണ് പ്രദേശത്ത് വലിയ കൃഷിനാശം വരുത്തിയത്. പാറാശ്ശേരി അന്നക്കുട്ടി, കുടിപ്പുറത്ത് നളിനി, ഭരതന്നൂർ അശോകൻ തുടങ്ങിയ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒറ്റയാൻ മേഞ്ഞു നടക്കുകയാണ്. അന്നക്കുട്ടിയുടെ കൃഷിയിടത്തിലെ നിരവധി തെങ്ങുകൾ കാട്ടാന നശിപ്പിച്ചു. അശോകന്റെ കൃഷിയിടത്തിൽ ഇഞ്ചി കൃഷിക്കാണ് ഏറെ നാശം ഉണ്ടായത് .നളിനിയുടെ വീട്ടുമുറ്റത്തെത്തിയ ആന മുറ്റത്തെ മാവിലെ മാങ്ങ പറിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സന്ധ്യ കഴിയുന്നതോടെ കൃഷിയിടത്തിലെത്തുന്ന ഒറ്റയാൻ നേരം പുലരുന്നത് വരെ പ്രദേശത്തെ കൃഷിയിടങ്ങളിൽ മേഞ്ഞു നടക്കുകയാണ് .സന്ധ്യ കഴിഞ്ഞാൽ ഒറ്റയാനെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ പ്രദേശവാസികൾക്ക് ഭയമാണ് . വനാതിർത്തിയിൽ യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും ഇല്ലാത്തതിനാലാണ് ഒറ്റയാൻ കൃഷിയിടങ്ങളിലേക്ക് കടക്കുന്നതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പ്രദേശത്ത് കാട്ടാന വൻതോതിൽ കൃഷിനാശം വരുത്തുന്നുണ്ടെങ്കിലും ആർക്കും കൃത്യമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല
Share Now