സുരഭിക്കവല-ആലത്തൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

പുല്പള്ളി: സുരഭിക്കവല-ആലത്തൂര്‍ റോഡ് പാടെ തകര്‍ന്നതോടെ യാത്ര അതീവ
ദുഷ്കരമായി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 12, 15 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും പാടെ തകര്‍ന്ന അവസ്ഥയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ, കബനിഗിരി, മരക്കടവ്, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് പുല്പള്ളി, മുള്ളന്‍കൊല്ലി ടൗണുകളിലെത്താതെ, ബത്തേരി, കല്പറ്റ ഭാഗങ്ങളിലേക്ക് ഏറെ എളുപ്പത്തില്‍ എത്താന്‍കഴിയുന്ന റോഡുകൂടിയായിട്ടും റോഡിനെ അവഗണിക്കുന്ന സമീപനമാണ് അധധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ കുറച്ചുഭാഗം ടാര്‍ ചെയ്തതല്ലാതെ, മറ്റ് യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നും റോഡിനെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ട ഭാഗങ്ങളില്‍ ക്വാറി വേസ്റ്റിട്ടെങ്കിലും ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
