യുവാവിന്റെ ആത്മഹത്യാ കുറിപ്പ്, സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം: എസ്.ഡി.പി.ഐ

കൽപ്പറ്റ: വയനാട് ബ്രഹ്മഗിരി ഡെവലപ്‌മെൻറ് സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിന്റെ ജനവഞ്ചനയുടെ മുഖമാണ് വെളിവാക്കുന്നതെന്നും സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്തു മുതൽ പന്ത്രണ്ടു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കോടിയോളം രൂപയാണ് സൊസൈറ്റിയുടെ പേരിൽ സി.പി.എം നേതാക്കൾ സമാഹരിച്ചത്. പതിനാലു ലക്ഷം രൂപ നിക്ഷേപിച്ച പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയത് നിക്ഷേപകർ നേരിടുന്ന മാനസീകാഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഭരണ-രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് പലരെക്കൊണ്ടും സി.പി.എം നിക്ഷേപമിറക്കിച്ചത്. ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നിക്ഷേപകർ സമരം ചെയ്യുന്നുണ്ടെങ്കിലും പ്രതികൾ ഭരണകക്ഷി നേതാക്കളായതിനാൽ സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണ്. സർക്കാർ നിയന്ത്രണവും സംവിധാനങ്ങളും ഗ്യാരണ്ടി നൽകി ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദത്താൽ സ്വന്തം കുടുംബസമ്പാദ്യം പോലും നിക്ഷേപിച്ച അറുന്നൂറോളം കൂടുംബങ്ങളാണ് വഴിയാധാരമായിരിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നേട്ടമായ് കൊട്ടിഘോഷിച്ച ജനകീയ സംരംഭത്തിൻ്റെ തകർച്ചയുടെ യഥാർത്ഥ കാരണം പാർട്ടി നേതാക്കളുടെ അഴിമതിയും നടത്തിപ്പിലെ അപാകതയുമാണ്. ബ്രഹ്മഗിരി തട്ടിപ്പിൽ പങ്കാളികളായ സി.പി.എം. നേതാക്കൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുകയും ദുരിതത്തിലായ നിക്ഷേപകർക്ക് സർക്കാർ അടിയന്തിര സഹായം ഉറപ്പാക്കുകയും ചെയ്യണം. ഇരകൾക്ക് നീതി ഉറപ്പു വരുത്തേണ്ടത് ഭരണകൂട ബാധ്യതയാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ നടത്തണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് എ യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. എൻ ഹംസ, കെ ജെ തോമസ്, എസ് മുനീർ, അഡ്വ: കെ എ അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന:സെക്രട്ടറി പി.ടി സിദ്ദീഖ് സ്വാഗതവും ട്രഷറർ കെ.പി സുബൈർ നന്ദിയും പറഞ്ഞു.
Share Now
