പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ലഹരി വിൽപ്പനക്കാരനെ അഗളിയിൽ നിന്ന് പിടികൂടി
കോഴിക്കോട് :വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞു എത്തിയ പോലീസിനെ കണ്ട് രക്ഷപ്പെട്ട ദിൽഷാദിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.പത്തോളം കേസിൽ പ്രതിയാണ് പിടിയിലായ ദിൽഷാദ്.ഒരു മാസത്തിലധികമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു പന്തീരാങ്കാവ് സ്വദേശി എടക്കുറ്റിപ്പുറം ദിൽഷാദ്. ലോഡ്ജുകളിലും വാടകവീടുകളിലും താമസിച്ച് ജില്ലയിലെ പലയിടങ്ങളിൽ കാറിൽ എംഡിഎംഎ വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഒടുംബ്രയിൽ വാടകവീട്ടിൽ താമസിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി മനസിലാക്കിയാണ് കഴിഞ്ഞ ദിവസം നല്ലളം പൊലീസ് ദിൽഷാദിനെ തേടിഎത്തിയത്. അതേസമയം കാറിൽ വീട്ടിലേക്കുവന്ന ദിൽഷാദ് പോലീസിനെ കണ്ടയുടനെ കാർ നിർത്തി ഓടിരക്ഷപ്പെടുകയായിരുന്നു. ഡാൻസഫും നല്ലളം പോലീസും തിരച്ചിൽനടത്തിയെങ്കിലും ദിൽഷാദിനെ കണ്ടെത്താനായില്ല. അന്ന് കാറിൽ നിന്ന് 51 ഗ്രാം MDMA പിടികൂടിയിരുന്നു. പിന്നീട് ഊർജിതമായി നടത്തിയാ അന്വേഷണത്തിലാണ് അഗളിയിലെ ഒളിത്താവളത്തിൽ നിന്ന് ഡാൻസാഫും നല്ലളം പോലീസും ചേർന്ന് ദിൽഷാദിനെ പിടികൂടിയത്. അഗളി പോലീസിന്റെ സഹായത്തോടെയായിരുന്നു ഒപ്പറേഷൻ.ജില്ലയിലെ വിവിധസ്റ്റേഷനുകളിൽ പിടിച്ചുപറി, അടിപിടി, പോക്സോ തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്. ബീച്ച്, മാളുകളുടെ പരിസരം, എന്നിവകേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്ന മുഖ്യകണ്ണിയായിരുന്നു ദിൽഷാദ്.പ്രതിക്ക് എംഡി എം എ നൽകിയവരെ കുറിച്ചും ഒളിവിൽ താമസിക്കാൻ സഹായിച്ചവരെ കുറിച്ചും അന്വേഷണം ഊർജിതമാക്കിയതായി ഡെപ്യൂട്ടി കമ്മീഷൻ അരുൺ കെ പവിത്രൻ അറിയിച്ചു.

