അതിജീവനത്തിന്റെയും മികവിന്റെയും ഉത്സവാന്തരീക്ഷം തീർത്ത് എസ്‌എഫ്‌ഐ മെറിറ്റ് ഫെസ്‌റ്റോ

സുൽത്താൻ ബത്തേരി:ഉരുൾ തകർത്ത വെള്ളാർമല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി,പ്ലസ്‌ടു പരീക്ഷ എഴുതിയ വിദ്യാർഥികളെയും എസ്‌എസ്‌എൽസി,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വയനാട് ജില്ലയിലെ വിദ്യാർഥികളെയും എസ് എഫ് ഐ ആദരിച്ചു.
കോഴിക്കോട് ജൂൺ 27മുതൽ 30വരെ നടക്കുന്ന എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് ഫെസ്‌റ്റോ സംഘടിപ്പിച്ചത്.രക്തസാക്ഷികളായ അഭിമന്യുവിന്റെ പേരിലുള്ള എൻഡോവ്‌മെന്റും,ധീരജ് രാജേന്ദ്രന്റെ പേരിലുള്ള എഡ്യൂടെക് സ്‌കോ
ളർഷിപ്പ് വിതരണവും നടത്തി.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് മെറിറ്റ് ഫെസ്‌റ്റോ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് ആദർശ് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻരാജ് പായം,സിഐടിയു ജില്ലാ സെക്രട്ടറി പി ആർ ജയപ്രകാശ്,പ്രൊഫിൻസ് എഡ്യുക്കേഷൻ ഡയറക്ടർ അനൂപ് ഗോപാൽ, മാർക്കറ്റിങ് മാനേജർ അജയ്‌കുമാർ എന്നിവർ സംസാരിച്ചു.എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരി സ്വാഗതവും സുൽത്താൻ ബത്തേരി ഏരിയാ പ്രസിഡന്റ് അമൃത ജോൺ നന്ദിയും പറഞ്ഞു.
അഭിമന്യു എൻഡോവ്‌മെന്റ് ആദിലിന്
എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് കൊല്ലപ്പെട്ട രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള എൻഡോവ്മെന്റ് വെള്ളാർമല ഗവ. ഹയർ സെക്കൻഡറിയിൽനിന്ന് എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആദിലിന്.10,000 രൂപയും ഉപഹാരവും അടങ്ങുന്ന പുരസ്‌കാരം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് കൈമാറി. ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച് മികച്ച വിജയം നേടിയതിനുള്ള അംഗീകാരമാണ് എൻഡോവ്‌മെന്റ്.
Share Now