പെരിക്കല്ലൂർ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന പുതിയ വിവാദം സർക്കാർ പരിഹരിക്കണമെന്ന് വയനാട് ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ

 

പെരിക്കല്ലൂർ:പെരിക്കല്ലൂർ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന പുതിയ വിവാദം കോടതി നടപടികളിലേക്ക് നീങ്ങാതെ സർക്കാർ പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ആവശ്യപ്പെട്ടു.കർഷകർക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരിക്കുന്ന പ്രദേശം സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.75 വർഷത്തിലധികമായി കർഷകർ തിങ്ങിപ്പാർക്കുന്ന പെരിക്കല്ലൂർ മേഖലയിലാണ് വക്കീൽ നോട്ടിസ് അയച്ച് ചില ഗൂഡശക്തികൾ പ്രവർത്തിക്കുന്നത്.ഇതിനെ എന്ത് വിലകൊടുത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേരിടും.എല്ലാ ആളുകൾക്കും നിയമപരമായി പട്ടയം ലഭിച്ചിട്ടുള്ളതാണ്. ഓരോ പട്ടയത്തിനും ക്രയവില അടക്കം സർക്കാരിലേക്ക് ഒടുക്കിയിട്ടുള്ളതുമാണ്. നിയമപരമായിട്ടുള്ള എല്ലാ വശങ്ങളും പാലിച്ചുകൊണ്ടാണ് ഓരോ വ്യക്തികൾക്കും പട്ടയം നൽകിയിട്ടുള്ളത്.ഭൂപരിഷ്കരണ നിയമം അനുസരിച്ച് സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള ഭൂമിയാണ് കർഷകർക്ക് പതിച്ച് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതും ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ടതും സർക്കാർ ആണ്.കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഇവിടുത്തെ കർഷകർക്ക് വേണ്ടി ഒത്തുചേരണമെന്നും,ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ജനങ്ങളെ സഹായിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും സർക്കാർ എടുക്കുന്ന ഇത്തരം നടപടികൾക്ക് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.പെരിക്കല്ലൂർ സെൻതോമസ് ചർച്ച് വികാരി ഫാ: ജോർജ് കാപ്പുകാലായുമായി ഡി സി സി പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി.മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഷിനോ തോമസ് കടുപ്പിൽ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ പി ഡി സജി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി ടി തോമസ്, ജോസ് കണ്ടംതുരുത്തി,ജോസ് നെല്ലേടം, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവരും സന്നിഹിതരായിരുന്നു.

Share Now

You may have missed