പറുദീസക്കവലയിൽ ക്വാറി ആരംഭിക്കാനുള്ള ശ്രമത്തിനെതിരെയുള്ള പരാതി ;ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി

പുൽപ്പള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിലെ പറുദീസക്കവലയിലെ ജനവാസ മേഖലയിലാണ് ക്വാറി ആരംഭിക്കാൻ നീക്കം നടന്നത്.
തുടർന്ന് പ്രദേശവാസികൾ ജില്ലാ കളക്ടറിന് പരാതി നൽകുകയായിരുന്നു.
ജില്ല കളക്ടറുടെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വിദഗ്ധ സമിതിയാണ്‌ സ്ഥലപരിശോധന നടത്തിയത്.
മൈനിങ് ആന്‍ഡ് ജിയോളജി,ഭൂജലസേചന വകുപ്പ്, മണ്ണ് സംരക്ഷണം, പൊതുമരാമത്ത് വകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ ഏഴോളം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പറദീസക്കവലയില്‍ക്വാറി തുടങ്ങാനിരിക്കുന്ന സ്ഥലം പരിശോധന നടത്താനെത്തിയത്.
ജനവാസ മേഖലയില്‍ ക്വാറി ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ക്വാറി വിരുദ്ധ സമരസമിതി രൂപവത്കരിച്ച് വിവിധ വകുപ്പ് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വാര്‍ഡില്‍ പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്ന് ക്വാറിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ പാടില്ലെന്ന് ഐക്യകണ്‌ഠേന തീരുമാനമെടുത്തിരുന്നു. ഗ്രാമസഭാ യോഗത്തിന്റെ പകര്‍പ്പും നാട്ടുകാരുടെ പരാതികളും മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃതര്‍ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷയായ കളക്ടര്‍, നാട്ടുകാരുടെ പരാതികളിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലെത്തിയ ഉദ്യോഗസ്ഥ സംഘം പ്രദേശത്തെ പരാതിക്കാരായ നാട്ടുകാരേയും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പറുദീസക്കവലയില്‍ സ്ഥലപരിശോധന നടത്തിയത്. സ്ഥലപരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് കൈമാറുമെന്നും പരിശോധന സംഘം പറഞ്ഞു

Share Now

You may have missed